in

കർമചാരി പദ്ധതി: പഠനത്തിനൊപ്പം ജോലി

പഠനത്തിനൊപ്പം ജോലി ചെയ്യാൻ തയാറുണ്ടോ?; ആരെയും ചാരാതെ പഠിക്കാൻ കർമചാരി പദ്ധതി

പഠനത്തിനൊപ്പം ജോലി ചെയ്യാൻ തയാറുണ്ടോ? ചെറുതല്ലാത്ത വരുമാനവും പ്രവൃത്തിപരിചയവും നേടാം. സേവനസന്നദ്ധരായ വിദ്യാർഥികളെ തേടുകയാണു ഹയർസെക്കൻഡറി വകുപ്പ്. പഠനത്തോടൊപ്പം ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രഖ്യാപിച്ച കർമചാരിപദ്ധതിയുടെ ഭാഗമായാണ് അന്വേഷണം. ആദ്യഘട്ടത്തിൽ കൊച്ചി കോർപറേഷൻ പരിധിയിലുള്ള ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് അവസരം.

കർമചാരി പദ്ധതി: പഠനത്തിനൊപ്പം ജോലി

ജോലിക്കു നിയോഗിക്കാൻ സാധിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ആവശ്യപ്പെ ട്ട്ഹയർസെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടർ സ്കൂൾ പ്രിൻസിപ്പൽമാർക്കു കത്തയച്ചു. കുട്ടികളുടെ എണ്ണമുൾപ്പെടെയുള്ള വിവരങ്ങൾ ജില്ലാ ലേബർ ഓഫിസറും ആർഡിഡിയോടു തേടിയിട്ടുണ്ട്. രാജ്യത്താദ്യമായാണ് ഇത്തരമൊരു പദ്ധതി യാഥാർഥ്യമാകുന്നത്.സർക്കാരിന്റെ മൂന്നാംനൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണു കർമചാരി പദ്ധതി പ്രഖ്യാപിച്ചത്. 

കർമചാരി പദ്ധതിയുടെ ഡിറ്റേൽസ്

സ്റ്റാർ ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഫുഡ് ഔട്‌ലെറ്റുകൾ, വസ്ത്ര വ്യാപാരമേഖല, റിസോർട്ടുകൾ എന്നിവിടങ്ങളിലാണു വിദ്യാർഥികൾക്കു ജോലി നൽകുക. അപകടകരമായ ജോലികൾ കുട്ടികളെക്കൊണ്ടു ചെയ്യിക്കില്ല. തൊഴിൽ ചെയ്യാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന ഓറിയന്റേഷൻ ക്ലാസുകളും പദ്ധതിയുടെ ഭാഗമായി ലഭിക്കും.

പദ്ധതിയിൽ ചേരുന്ന വിദ്യാർഥികൾക്ക് ഇഎസ്ഐ ആനുകൂല്യവും നൽകാനാണു നിർദേശം. വിദ്യാർഥികളും തൊഴിലുടമകളും പാലിക്കേണ്ട വിശദമായ മാനദണ്ഡങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. പഠനത്തെ ബാധിക്കാത്ത രീതിയിൽ ജോലിസമയം ക്രമീകരിക്കണം എന്നതാണു പ്രധാന നിബന്ധന. പ്രവൃത്തിദിനങ്ങളിൽ 4 മണിക്കൂറും അവധി ദിനങ്ങളിൽ താൽപര്യമുള്ളവർക്കു പരമാവധി 6 മണിക്കൂറും ജോലി ചെയ്യാം. രാത്രി ജോലി ചെയ്യിക്കുന്നുണ്ടെങ്കിൽ രക്ഷകർത്താക്കളുടെയും സ്കൂൾ പ്രിൻസിപ്പലിന്റെയും വിദ്യാർഥിയുടെയും മുൻകൂർ അനുമതിവാങ്ങണം. യാത്രാസൗകര്യം ഉറപ്പുവരുത്തുകയും വേണം.

ജോലി സ്ഥലത്തു ശുദ്ധജലം, ലഘുഭക്ഷണം, ഇരിപ്പിടം എന്നിവയും നൽകണം. വിദ്യാർഥികളെക്കൊണ്ടു ചുമട് എടുപ്പിക്കുക, അടിമവേലയ്ക്കു സമാനമായ ജോലികൾ ചെയ്യിക്കുക, കുട്ടികളുടെ അസൽ സർട്ടിഫിക്കറ്റുകൾ വാങ്ങിവയ്ക്കുക എന്നിവ വിലക്കിയിട്ടുണ്ട്. ജോലിക്കു സർക്കാർ നിശ്ചയിക്കുന്ന അടിസ്ഥാന വേതനം നൽകണം. വേതനം ഉൾപ്പെടെയുള്ള കാര്യങ്ങളിലെപരാതി പരിഹരിക്കാൻ സമിതികളും രൂപീകരിക്കും. 

ഭാവിയിൽ ജോബ് പോർട്ടൽ രൂപീകരിച്ച് ലേബർഓഫിസിന്റെ മേൽനോട്ടത്തിൽ പ്രിൻസിപ്പൽമാരിൽ നിന്ന് ഓൺലൈൻ അപേക്ഷ സ്വീകരിച്ചാകുംപദ്ധതി മുന്നോട്ടുപോവുക. തൊഴിലുടമകൾ, വിദ്യാർഥികൾ എന്നിവർക്ക് ഈ പോർട്ടലിൽ റജിസ്റ്റർചെയ്യാനും അവസരം ഒരുക്കും.

മറ്റു പ്രധാന നിബന്ധനകൾ

  • വിദ്യാർഥികൾ തൊഴിൽസമയത്തു നിർബന്ധമായും ഹാജരാകണം
  • ജോലി സ്ഥലത്തു തൊഴിലുടമയുടെ നിർദേശപ്രകാരം പെരുമാറണം
  • പഠനസമയം തൊഴിലുടമയെ മുൻകൂട്ടി അറിയിക്കണം
  • അവധി ആവശ്യം മുൻകൂട്ടി അറിയിക്കണം
  • തൊഴിലിടത്തെ സൗകര്യങ്ങളിൽ വിവേചനം പാടില്ല

Leave a Reply

Your email address will not be published. Required fields are marked *